top of page
Search
  • trueeyesmedia

ഡെമോക്രാറ്റുകള്‍ അമേരിക്കയെ സോഷ്യലിസ്റ്റാക്കുമെന്ന്‌ റിപ്പബ്ലിക്കന്മാര്‍


വാഷിങ്ടണ്‍:പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥി ജോ ബൈഡനും മത്സരപങ്കാളി കമല ഹാരിസും വിജയിച്ച്‌ അധികാരമേറ്റാല്‍ അമേരിക്കയെ അവര്‍ സോഷ്യലിസ്റ്റ് രാജ്യമാക്കുമെന്ന് റിപ്പബ്ലിക്കന്‍ നേതാക്കള്‍. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വീണ്ടും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ വെര്‍ച്വല്‍ ദേശീയ കണ്‍വന്‍ഷന്റെ ആദ്യരാവില്‍ ഇന്ത്യന്‍ വംശജ നിക്കി ഹേലി ഡെമോക്രാറ്റുകള്‍ക്കെതിരെ തുടങ്ങിവച്ച ഈ വിമര്‍ശം പിന്നീട് സംസാരിച്ചവരും ആവര്‍ത്തിച്ചു.

ഏഴ് പതിറ്റാണ്ടുമുമ്ബ് മക്കാര്‍ത്തി യുഗത്തില്‍ അമേരിക്കയിലുണ്ടായ കമ്യൂണിസ്റ്റ്വേട്ടയുടെ മാതൃകയില്‍ നുണപ്രചാരണം നടത്തി വോട്ട് പിടിക്കാനാണ് റിപ്പബ്ലിക്കന്മാരുടെ പരിപാടി എന്ന് വ്യക്തമാക്കുന്നതാണ് നാലുനാള്‍ നീളുന്ന കണ്‍വന്‍ഷനിലെ ആദ്യരാവ്. ട്രംപ് കേമനായ രാഷ്ട്രതന്ത്രജ്ഞനാണ് എന്ന് അവകാശപ്പെട്ട റിപ്പബ്ലിക്കന്‍ പ്രസംഗകര്‍ അദ്ദേഹം കറുത്തവരുടെ സുഹൃത്തും അമേരിക്കന്‍ മൂല്യങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ ചെറുക്കുന്ന പരിചയുമാണെന്ന് വിശേഷിപ്പിച്ചു. ട്രംപ് പരാജയപ്പെട്ടാല്‍ അമേരിക്കയുടെ ഭാവി അപകടത്തിലാകുമെന്നും അവര്‍ പറഞ്ഞു.

രണ്ടുതവണ ദക്ഷിണ കാരലൈന സംസ്ഥാനത്തിന്റെ ഗവര്‍ണറും യുഎന്നില്‍ അമേരിക്കന്‍ സ്ഥാനപതിയും ആയിരുന്ന നിക്കി ഹേലി അമേരിക്കയില്‍ വംശീയത ഇല്ലെന്ന് അവകാശപ്പെട്ടു. മറിച്ചുള്ള പ്രചാരണം ഡെമോക്രാറ്റുകളുടെ നുണയാണെന്ന് അവര്‍ ആരോപിച്ചു. പിന്നീട് സംസാരിച്ച സെനറ്റര്‍ ടിം സ്കോട്ട്, ട്രംപിന്റെ മകന്‍ ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ തുടങ്ങിയവരും സമാനവാദങ്ങള്‍ നിരത്തി.

ഡെമോക്രാറ്റിക് തീവ്രവാദികള്‍ അമേരിക്കയെ മൗലികമായി മാറ്റുമെന്നും സാംസ്കാരികവിപ്ലവം നടത്താനാണ് ബൈഡന്റെയും കമല ഹാരിസിന്റെയും പരിപാടി എന്നും സ്കോട്ട് പറഞ്ഞു. ബൈഡന്റെ ‘തീവ്ര ഇടതുപക്ഷ നയങ്ങള്‍’ അമേരിക്കയുടെ സാമ്ബത്തികവളര്‍ച്ച അവസാനിപ്പിക്കുമെന്ന് ട്രംപിന്റെ മകന്‍ പറഞ്ഞു.

കറുത്തവരുടെ പ്രതിഷേധപ്രകടനത്തിനുനേരെ യന്ത്രത്തോക്കെടുത്ത് ഭീതിപരത്തിയ വെള്ളക്കാരായ അഭിഭാഷക ദമ്ബതികളും റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷനില്‍ സംസാരിച്ചു. ട്രംപ് സംസാരിക്കേണ്ടത് സമാപന ദിവസമായ വ്യാഴാഴ്ചയാണെങ്കിലും തിങ്കളാഴ്ചയും ഒരു മണിക്കൂറോളം പ്രസംഗിച്ചു. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലെ തടവില്‍നിന്ന് താന്‍ മോചിപ്പിച്ചതായി അവകാശപ്പെട്ട് ആറ് അമേരിക്കക്കാരെയും ട്രംപ് അവതരിപ്പിച്ചു. നിയമവിരുദ്ധമായി 40,000 ഡോളറുമായി ബംഗാളില്‍നിന്ന് അറസ്റ്റിലായ പാസ്റ്റര്‍ ബ്രയാന്‍ നറേനെ താന്‍ ഇടപെട്ടാണ് മോചിപ്പിച്ചതെന്ന് ട്രംപ് പറഞ്ഞു.

@trueeyesmedia

0 views0 comments

Comments


bottom of page